Follow Me TV

The Unbeatable

ഓര്‍മ്മയായി ഡോ .ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത

ആഗോള സഭാ  ഐക്യ പ്രസ്ഥാനങ്ങളിലെ  ഭാരതത്തിന്റെ പ്രതിനിധിയും . മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനുമായിരുന്ന ഡോ .ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഇനി ജനമനസുകളില്‍ ഒരു ഓര്‍മ്മ മാത്രം.സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും , പ്രാര്‍ത്ഥനാ ജീവിതത്തിലും അതീവ ശ്രദ്ധയൂന്നിയിരുന്ന ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ  ജീവിതയാത്ര അശരണരിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലുമുള്ള കരുതല്‍ തന്നെ ആയിരുന്നു.മലങ്കര സഭയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന ഏബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടില്‍ 1931 ജൂണ്‍ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു.പി. ടി. ജോസഫ് എന്നായിരുന്നു ഇടവകയിലെ പേര്. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ പഠനത്തിനു ശേഷം 1954-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനത്തിനു ചേര്‍ന്നു. 1957 ഒക്ടോബര്‍ 18-ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറേനിയോസ് എന്ന അഭിനാമത്തില്‍ എപ്പിസ്‌ക്കോപ്പായായും അഭിഷിക്തനായി. 1999 മാര്‍ച്ച് 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപ്പോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടിരുന്നു.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സഫ്രഗന്‍ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാര്‍ ഐറേനിയോസ് തിരുമേനിയെ ജോസഫ് മാര്‍ത്തോമ്മ എന്ന നാമത്തില്‍ സഭയുടെ പരമോന്നത അദ്ധ്യക്ഷനായി 2007 ഒക്ടോബര്‍ രണ്ടിന് വാഴിക്കുകയായിരുന്നു. പതിമൂന്ന് വര്‍ഷമാണ് റവ. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സഭയെ നയിച്ചത്.സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാര്‍ത്തോമ്മാ ,രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളില്‍ മുഖ്യസ്ഥാനീയനായിരുന്നു. സഭയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച മെത്രാപ്പൊലീത്ത അശരണര്‍, രോഗികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങിയവര്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവച്ചു.ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവന്‍, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ തുടങ്ങിയ മെത്രാപ്പൊലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങള്‍ക്കായി നവജീവന്‍ പ്രസ്ഥാനവും ഭിന്ന ലിംഗക്കാരെ മുന്‍ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. പ്രളയ ദുരിതം നേരിടുന്നവര്‍ക്കു വേണ്ടി സഭയുടെ 100 വീടുകള്‍ എന്ന പദ്ധതിയും മെത്രാപ്പൊലീത്തയുടെ ആര്‍ദ്ര മനസ്സിന്റെ ഉദാഹരണമാണ്.ദലിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി ഡല്‍ഹിയില്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി കൂടാതെ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ മിഷണറി പ്രവര്‍ത്തനങ്ങളും നടത്തി.ഇതിന് പുറമേ യുഎന്‍ ലോക മതസമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവ് തുടങ്ങിയവയിലൂടെ ലോക ശ്രദ്ധനേടി. മാരാമണ്‍ കണ്‍വന്‍ഷന്‍ ശതോത്തര രജത ജൂബിലി ചരിത്രസംഭവമാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഏതാനും ദിവസങ്ങളായി   പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന്  അദ്ദേഹം തിരുവല്ലയിലെ  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി   മെത്രാപ്പൊലീത്തയുടെ ആരോഗ്യസ്തി തീര്‍ത്തും മോശമായിരുന്നു.. ഇതേ തുടര്‍ന്ന്     കഴിഞ്ഞ തിങ്കളാഴ്ച  അദ്ദേഹത്തിന്റെ ആവിശ്യപ്രകാരം തൈലാഭിഷേക ശുശ്രൂഷ നടത്തിരുന്നു. നിലവില്‍  മെത്രാപ്പൊലീത്തയുടെ  വിയോഗത്തിലൂടെ  വിടപറയുന്നത്്  സഭയുടെ മാത്രമല്ല  സധാരണക്കാരന്റെ  കാവലാളും കൂടെയാണ് .