സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിശ്ചയിച്ച ഫീ റഗുലേറ്ററി കമ്മിറ്റിക്കു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഫീസ് നിര്‍ണയം ഈ വര്‍ഷവും അനിശ്ചിതത്വത്തിലാക്കിയതു ദൗര്‍ഭാഗ്യകരമാണ്. കോളജുകള്‍ അവകാശപ്പെടുന്ന ഫീസ് പരമാവധി നല്‍കേണ്ടി വരുമെന്നു പ്രവേശന പരീക്ഷാ കമ്മിഷണര്‍ വെബ്സൈറ്റിലും ഓണ്‍ലൈന്‍ പോര്‍ട്ടലിലും വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഫീ റഗുലേറ്ററി കമ്മിറ്റിയുടെ നവംബര്‍ 4ലെ ഉത്തരവിനെതിരെ കോഴിക്കോട് കെഎംസിടി നല്‍കിയതുള്‍പ്പെടെ ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കോടതിയോ മറ്റ് അധികാരികളോ നിശ്ചയിക്കുന്ന ഫീസ് നല്കാന് ബാധ്യതയുണ്ടാകുമെന്നു പ്രവേശന സമയത്തു വിദ്യാര്‍ഥികളുടെ ഉറപ്പു നേടണമെന്നും കോടതി നിര്‍ദേശിച്ചു. കോളജുകളില്‍ നിന്നു ഫീസ് വിവരം കിട്ടിയാല്‍ കമ്മിഷണര്‍ അതു വെബ്സൈറ്റില്‍ ചേര്‍ക്കണം. മുന്‍വര്‍ഷത്തെ ഫീസും പണപ്പെരുപ്പ നിരക്കും കണക്കിലെടുത്താണ് കമ്മിറ്റി 2020 21 വര്‍ഷത്തെ ഫീസ് നിശ്ചയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനവും ഇറക്കി. ഫീസ് താല്‍ക്കാലികമെന്ന അറിയിപ്പും നല്കി. ഈ വര്‍ഷവും ഫീസ് താല്‍ക്കാലികമെന്ന് അറിയിക്കേണ്ടി വന്നതു ദൗര്‍ഭാഗ്യകരമാണ്. ഫീസ് വിദ്യാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കണമെന്നു മുന്‍ ഉത്തരവുള്ളതു കോടതി ചൂണ്ടിക്കാട്ടി.ഹൈക്കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു കമ്മിറ്റി നടപടിയെടുക്കാത്തത് അപലപനീയമാണെന്നു കോടതി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഇതു ഗൗരവത്തിലെടുക്കണം. സമിതിയംഗങ്ങള്‍ക്കു മറ്റെന്തെങ്കിലും അജന്‍ഡയുണ്ടോ എന്നു പരിശോധിക്കണം. ചട്ടപ്രകാരമുള്ള സമിതിയുടെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുന്‍വര്‍ഷങ്ങളിലെ ഫീസ് തര്‍ക്കത്തില്‍ ഹൈക്കോടതി ഫീസ് നിര്‍ണയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു നല്‍കിയിരുന്നു. തര്‍ക്കം സുപ്രീം കോടതിയിലേക്കു നീണ്ടു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പേരിലാണു കമ്മിറ്റി ഹൈക്കോടതി വിധി മാനിക്കാതെ ഈ വര്‍ഷം നടപടിയെടുത്തത്. എന്നാല്‍, ഹൈക്കോടതി പറഞ്ഞ മാനദണ്ഡമനുസരിച്ചു ഫീസ് നിര്‍ണയിക്കാന്‍ കമ്മിറ്റിക്കു തടസ്സമുണ്ടായിരുന്നില്ലെന്നും സുപ്രീം കോടതി അതു വിലക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വേഗം തീര്‍ക്കണമെന്നും എതിര്‍കക്ഷികള്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് 30ന് വീണ്ടും പരിഗണിക്കും.
The Unbeatable
More Stories
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്
പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് തട്ടിപ്പ്; പ്രതി ഒളിവില്‍