Follow Me TV

The Unbeatable

പോസ്റ്റ് കോവിഡ് സിന്‍ഡ്രോം

കോവിഡിനോടൊപ്പമുള്ള നമ്മുടെ ജീവിതം തുടങ്ങീട്ട് 10 മാസം പിന്നിടുന്നു. തുടക്കത്തിലുണ്ടായ ജാഗ്രതയൊന്നും ആളുകള്‍ക്കിപ്പോള്‍ ഇല്ല.കോവിഡിനോടുള്ള ഭീതിയൊക്കെ മാറി ഇപ്പോള്‍ ഇതൊക്കെ എന്ത് എന്ന മനോഭാവത്തിലാണ് നമ്മുടെ ആളുകള്‍ ജീവിക്കുന്നത്. കോവിഡിന്റെ ആദ്യസമയങ്ങളില്‍ രോഗത്തെ ഭയന്ന് വീട്ടിലിരുന്ന ജനങ്ങള്‍ ഇന്ന് ഒരു കൂസലുമില്ലാതെ പുറത്തിറങ്ങി കറങ്ങുകയാണ്. ചിലരൊക്കെ ഇതൊരു സാധാരണപനിയല്ലേ എന്ന മട്ടിലും.

കോവിഡ് ബാധിച്ചവര്‍ അത് അതിജീവിച്ചാല്‍ താന്‍ സുരക്ഷിതനാണ് എന്ന ചിന്തയൊന്നും ഇനി വേണ്ട.എന്തെന്നാല്‍ രോഗം് ബാധിച്ചവരില്‍ സുഖപ്പെട്ടതിന് ശേഷവും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതകളേറെയാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വിദഗ്ദര്‍. ഈ ഒരു അവസ്ഥ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്നാണ് അറിയപ്പെടുന്നത്.
പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കോവിഡ് ബാധിച്ച ഒരാളുടെ പ്രധാന അവയവങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കാനുള്ള സാധ്യതകള്‍ ഉണ്ട്്. ഒരു കൊവിഡ് പോസിറ്റിവ് രോഗിയെ കണ്ടെത്തുമ്പോള്‍ കുറഞ്ഞത് അഞ്ച് പേരിലെങ്കിലും നിശബ്ദമായി രോഗം വന്നുപോയിരിക്കാമെന്ന് കണക്കാക്കിയാണ് കൊവിഡ് ബാധിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം സാധ്യത കല്‍പ്പിക്കുന്നത്.അതായത്, കോവിഡ് സ്ഥിരീകരിച്ച് ഭേദമായവര്‍ക്ക് മാത്രമല്ല പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം ഉണ്ടാവുക, അറിയാതെ വന്നു പോയവരിലും ഇതു ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഗുരുതര ലക്ഷണങ്ങളുള്ളവര്‍ക്ക് വിദഗ്ദ ചികിത്സ ആവശ്യമായി വരും. ഹൃദയം, ശ്വാസകോശമടക്കം പ്രധാന അവയങ്ങളെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യതകളും ഏറെയാണ്.
സംസ്ഥാനത്ത് കോവിഡ്മുക്തി നേടിയവര്‍ക്കായി ഇതിനകം പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.
പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകള്‍ക്കായുള്ള പ്രത്യേക സംവിധാനമാണിത്. എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും റഫറല്‍ ക്ളിനിക്കുകളും പ്രവര്‍ത്തിക്കും. രോഗം വന്നുപോകുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതുകൊണ്ട് തന്നെ കരുതലോടെ ജീവിച്ചാല്‍ ജീവനുള്ള കാലംവരെ ആരോഗ്യത്തോടെ ജീവിക്കാം.