Follow Me TV

The Unbeatable

സെക്രട്ടേറിയറ്റ് തീപിടുത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഫയലിലേക്ക് തീപടര്‍ന്നത് ഫാനില്‍ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഗ്രാഫിക്സ് വിഡിയോയും പൊലീസ് തയ്യാറാക്കി.ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തള്ളുന്നതാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഫോറന്‍സിക് സംഘത്തിന് തീപിടുത്തത്തിന് പ്രത്യേക കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫാന്‍ ഉരുകിയെങ്കിലും തീപിടുത്തത്തിന് കാരണമായോ എന്ന് വ്യക്തമല്ലെന്നാണ് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഫാനില്‍ നിന്ന് തന്നെയാണ് തീപടര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യ കുപ്പിയില്‍ നിന്ന് തീപടര്‍ന്നിട്ടില്ല. മദ്യ കുപ്പി കണ്ടെത്തിയത് വേറെ ക്യാബിനിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് വിശദീകരിക്കുന്നതാണ് ഗ്രാഫിക്സ് വിഡിയോ. ഇതിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കാന്‍ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.