Follow Me TV

The Unbeatable

പഞ്ചരത്നങ്ങളില്‍ മൂന്നു പേര്‍ക്ക് വിവാഹം

ഉത്രയും ഉത്തരയും ഉത്തമയും മംഗല്യസൂക്തം അണിഞ്ഞു. ഒരുമിച്ചു പിറന്ന് വാര്‍ത്തകളില്‍ ഇടംനേടിയ അഞ്ചു പേരില്‍ ഉത്രജയുടെ വിവാഹം വരന് കുവൈത്തില്‍നിന്ന് എത്താന്‍ കഴിയാത്തതിനാല്‍ ഇതിനൊപ്പം നടത്താനായില്ല. സഹോദരിമാരുടെ വിവാഹത്തിന് ഉത്രജയും ഉത്രജനും അമ്മ രമാദേവിയും നേതൃത്വം നല്‍കി.ക്ഷേത്രത്തില്‍ രാവിലെ എട്ടിനു പന്തീരടി പൂജയ്ക്കു നട തുറന്ന ശേഷമായിരുന്നു കല്യാണ മണ്ഡപത്തില്‍ മൂന്നു വിവാഹങ്ങളും നടന്നത്. ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കത്തില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്.അജിത്കുമാര്‍ താലി ചാര്‍ത്തി. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായ ഉത്തരയ്ക്ക് താലി ചാര്‍ത്തിയത് കോഴിക്കോട് സ്വദേശി ചാനല്‍ ക്യാമറമാന്‍ കെ.ബി.മഹേഷ്‌കുമാര്‍. അനസ്തീസിയ ടെക്നീഷ്യന്‍ ആയ ഉത്തമയ്ക്ക് മസ്‌കത്തില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി ജി.വിനീത് താലി അണിയിച്ചു.ക്ഷേത്രം കോയ്മയും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തന്ത്രിയുമായ നഗരമണ്ണ് നാരായണന്‍ നമ്പൂതിരി കാര്‍മികനായി. ജനമൈത്രി പൊലീസിന്റെ ശ്രദ്ധയില്‍ വളര്‍ന്ന കുട്ടികള്‍ക്കായി ടെംപിള്‍ എസ്എച്ച്ഒ യു.പ്രേമാനന്ദകൃഷ്ണന്‍ ഉപഹാരം നല്‍കി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ പ്രേംകുമാര്‍ രമാദേവി ദമ്പതികളുടെ മക്കളായി 1995 നവംബര്‍ 18ന് വൃശ്ചികമാസത്തില്‍ ഉത്രം നക്ഷത്രത്തിലാണ് 5 പേര്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്നത്. ഇവര്‍ക്ക് പഞ്ചരത്നങ്ങള്‍ എന്ന പേരു വീണു. മക്കളുടെ ഒന്‍പതാം വയസില്‍ പ്രേംകുമാര്‍ ജീവിതം അവസാനിപ്പിച്ചു. അമ്മ രമാദേവിക്ക് ഹൃദയസംബന്ധമായ അസുഖവും വന്നു. പേസ് മേക്കര്‍ ഘടിപ്പിച്ചായിരുന്നു, തുടര്‍ജീവിതം. ഉറച്ച കൃഷ്ണഭക്തിയും നാട്ടുകാരുടെ സഹായവുമായി രമാദേവി കുട്ടികളെ വളര്‍ത്തി. എല്ലാവര്‍ക്കും ജോലിയായി.കണ്ണനു മുന്നിലാകണം മക്കളുടെ വിവാഹം എന്നത് രമാദേവിയുടെ ആഗ്രഹമായിരുന്നു. ഏപ്രിലില്‍ നടത്തേണ്ട വിവാഹം കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ചപ്പോഴും അതു ഗുരുവായൂരില്‍തന്നെ വേണമെന്ന ആഗ്രഹവും ഇന്നു നിറവേറി.