Follow Me TV

The Unbeatable

ദേവികുളത്ത് കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് ഹോളിഡേ ഹോം ആരംഭിക്കും : എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം ദേവികുളത്ത് കെ.എസ്.ആര്‍.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയില്‍ കെ.എസ്.ആര്‍.ടി.സി ഹോളിഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ഹോളിഡേ ഹോം രൂപ കല്‍പ്പന ചെയ്യുന്നത്. 17.5 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കോ, ഏജന്‍സിക്കോ പാട്ടത്തിന് നല്‍കും. അവര്‍ക്ക് 30 വര്‍ഷം നടത്തിപ്പിനുള്ള അവകാശം ഉണ്ടാകും. അതിന് ശേഷം പൂര്‍ണമായും കെ.എസ്.ആര്‍.ടി.സിയുടെ അധീനതയിലും ആയി വരും. ഈ 30 വര്‍ഷത്തിനിടയില്‍ നടത്തിപ്പുകാര്‍ മാസത്തില്‍ ഏതെങ്കിലും 5 ദിവസം, 5 മുറികള്‍ വീതം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ദിവസേന 100 രൂപ നിരക്കില്‍ വാടകക്ക് നല്‍കണം. അതോടൊപ്പം ഭക്ഷണത്തിനും ഡിസ്‌കൗണ്ട് നല്‍കണം. ബാക്കി വരുന്ന മുറികള്‍ പാട്ടത്തിന് എടുക്കുന്നവര്‍ക്ക് വിനിമയം ചെയ്യാം. അതിനുള്ള ടെന്റര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെ.എസ് . ആര്‍.ടിസിയുടെ ഭൂമി സമീപത്തുള്ള സ്വകാര്യ ക്ലബ് കൈയടിക്കിവെച്ചിരുന്നത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ദേവികുളം എംഎല്‍എ . എസ്. രാജേന്ദ്രനും, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണ , പഞ്ചായത്ത് ഭരണ സമതിയും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഭൂമി തിരികെ ഏറ്റെടുക്കുകയായിരുന്നു.തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള നഗരമാണ് ദേവികുളം. തിരുവിതാംകൂറിന്റെ അഞ്ചാമത്തെ ജില്ല, രാജാക്കന്‍മാരുടെ ഒഴിവുകാലവസിതി അങ്ങനെ നിരവധി സവിശേഷതകള്‍ ഉള്ള ചെറുപട്ടണം. സംസ്ഥാനത്ത് പൊതു ഗതാഗത സൗകര്യം ആരംഭിക്കുന്ന സമയത്ത് തന്നെ തിരുവിതാംകൂറില്‍ രാജ ഭരണം നടന്നിരുന്ന കാലത്ത് തന്നെ ദേവികുളത്തിലേക്കും സര്‍ക്കാരിന്റെ അധീനതയില്‍ ഉണ്ടായിരുന്ന ബസുകള്‍ സര്‍വ്വീസുകള്‍ നടത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ക്ക് മുന്‍പ് സംസ്ഥാനത്ത് പൊതുഗതാഗതം നടത്തിയിരുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് അന്നത്തെ മഹാരാജാവ് നല്‍കിയ 17.5 സെന്റ് സ്ഥലത്താണ് അന്ന് ദേവികുളം ഡിപ്പോ സ്ഥിതി ചെയ്തിരുന്നത്.ചെങ്ങന്നൂരില്‍ നിന്നും, തിരുവനന്തപുരത്തും നിന്നും രാത്രി വൈകി എത്തിയിരുന്ന ബസുകള്‍ക്ക് സ്റ്റേ അനുവദിക്കുന്നതിന് കൂടിയണ് താലൂക്ക് ആസ്ഥാനത്ത് തന്നെ അന്ന് സ്ഥലം അനുവദിച്ചിരുന്നത്. തുടര്‍ന്ന് 1980 കളുടെ അവസാനത്തില്‍ മൂന്നാറിലേക്ക് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആരംഭിക്കുന്നത് വരെ ഇവിടെ നിന്നായിരുന്നു സര്‍വ്വീസുകള്‍ നടത്തി വന്നത്.താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് ആര്‍ഡിഒ ഓഫീസിന് മുന്നില്‍ ഏറെ വാണീജ്യ പ്രാധാന്യം ഉള്ളതാണ് കെ.എസ്.ആര്‍.ടി.സിയുടെ ഈ സ്ഥലം.ആകാശവാണി, കോടതി, ആര്‍ഡിഒ ഓഫീസ് , താലൂക്ക് ഓഫീസ് , ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസ് , ട്രഷറി തുടങ്ങിയ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഇവിടെ ധാരാളം പേര്‍ വിനോദ സഞ്ചാരത്തിനും മറ്റുമായി എത്തുന്നു. മധുരയില്‍ നിന്നും മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ എത്തുന്ന ആദ്യ ടൗണും ദേവികുളമാണ്. ഇവിടെയുള്ള അയ്യപ്പക്ഷേത്രത്തിനോട് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ദേവസ്വം ഗസ്റ്റ് ഹൗസില്‍ പോലും തിരക്കാണ്. രാജഭരണകാലത്ത് മഹാരാജാവ് താമസിച്ചിരുന്നതും, പിന്നീട് ഗവണറുടെ ഒഴിവ്കാല വസിതിയുമായ കൊട്ടാരമാണ് ഇന്ന് ഗസ്റ്റ് ഹൗസായി ഇവിടെ ഉപയോഗിക്കുന്നത്. ആ നിലക്ക് കെ.എസ്.ആര്‍.ടി.സി.യുടെ ഹോളിഡേ ഹോമിന് വളരെ പ്രാധാന്യവുമുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കായി വരുന്ന ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ആവശ്യമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് കെ.എസ്.ആര്‍.ടി.സി ഹോളിഡേ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നത്.