Follow Me TV

The Unbeatable

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവനായകന് ഇന്ന് 97ാം പിറന്നാള്‍

കേരളത്തിന്റെ വിപ്ലവനായകന് ഇന്ന് 97ാം ജന്മദിനം.കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ച് ആഘേഷങ്ങളില്ലാത്ത ഒരു പിറന്നാള്‍ ദിനംകൂടിയാണ് വി എസിന്.
കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ‘സഖാവ് വി എസ്’ എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ 97-ന്റെ നിറവില്‍.97-ാം വയസ്സിലും പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വി എസിന് പ്രായമെന്നത് തന്നെ സംബന്ധിച്ചിടത്തോളം വെറും അക്കം മാത്രമാവുകയാണ്. ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന മഹാമാരിയായ ‘കൊവിഡ്’ സാഹചര്യത്തില്‍ യാത്രകളും പരിപാടികളും മറ്റു വിശേഷങ്ങളും വീട്ടിനുള്ളിലൊതുക്കിയെന്ന് മാത്രം.
1923 ഒക്ടോബര്‍ 20 ന് പുന്നപ്രയില്‍ ജനിച്ച വി എസിന്റെ കുട്ടിക്കാലം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. അച്ഛന്റെയും അമ്മയുടെയും മരണത്തിന് പിന്നാലെ ഏഴാം ക്ലാസില്‍വെച്ച് ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന വി എസ് തയ്യല്‍ തൊഴിലാളിയും കയര്‍ ഫാക്ടറിയിലെ തൊഴിലാളിയുമായാണ് പിന്നീടുള്ള ജീവിതം നയിച്ചത്.പതിനഞ്ചാ വയസ്സില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലും 17-ാം വയസില്‍ പി.കൃഷ്ണപ്പിള്ള കാട്ടിയ വഴിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമെത്തിയ വി എസ് പിന്നീട് മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന്റെ പരമോന്നത സമിതിയിലും അംഗമായി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി എസ് എന്ന കമ്മ്യൂണിസ്റ്റ് എത്തുന്നത് 2006 ലാണ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സര്‍ക്കാരായിരുന്നു 2006 ലെ അച്യുതാനന്ദന്‍ മന്ത്രിസഭ. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതകള്‍ പാര്‍ട്ടിയും വി എസും രണ്ട് വഴിക്കെന്ന പ്രതീതിവരെ ജനിപ്പിച്ചിരുന്നു. 2011 ല്‍ അധികാര തുടര്‍ച്ച നേടാന്‍ കഴിഞ്ഞില്ലെങ്കിലും വി എസിന്റെ നേതൃത്വത്തില്‍ മികച്ച വിജയമായിരുന്നു ഇടതുമുന്നണി സംസ്ഥാനത്ത് സ്വന്തമാക്കിയത്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അജയ്യനായി വളര്‍ന്ന വി എസ് വഹിക്കാത്ത പദവികളില്ല.പൊളിറ്റ്ബ്യൂറോ അംഗം,കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്,കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ അങ്ങനെ പോകുന്നു പദവികളുടെ നീണ്ട പട്ടിക.പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിശ്രമത്തിലാണെങ്കിലും പാര്‍ട്ടിക്കുള്ളിലും പുറത്തും വി എസിന് പകരം വിഎസ് മാത്രം.