Follow Me TV

The Unbeatable

ബഹ്റൈനുമായി വിവിധ കരാറുകളില്‍ ഒപ്പിട്ടു ഇസ്രായേല്‍

നയതന്ത്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ ബഹ്റൈനുമായി വിവിധ കരാറുകളില്‍ ഒപ്പിട്ടു. മനാമയില്‍ വച്ച് നടന്ന യോഗത്തില്‍ ഇസ്രായേല്‍, അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സംഘങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ബഹാറൈന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍-സയാനി ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അലോണ്‍ ഉഷ്പിത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയിര്‍ ബെന്‍ ഷബാത്ത് എന്നിവരുമായി കരാര്‍ ഒപ്പിട്ടത്. വിവിധ മേഖലകളില്‍ സഹകരണംഇസ്രായേലിന്റെ സഹകരണം ഇരുകൈകളും നീട്ടി സ്വീകരിക്കുന്നുവെന്ന് ബഹ്റൈന്‍ അറിയിച്ചു. കഴിഞ്ഞ സെപ്തംബര്‍ 15നാണ് ഇരുരാജ്യങ്ങളും തമ്മില്‍ അമേരിക്കന്‍ മദ്ധ്യസ്തതയില്‍ നയതന്ത്ര,സമാധാന കരാറിലെത്തിയത്. നിരന്തര ഇടപെടലുകളും സഹകരണവുമാണ് ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം കൊണ്ടുവരാനുളള മാര്‍ഗമെന്ന് അല്‍ സയാനി അറിയിച്ചു.അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് മിനൂചിന്‍ ചടങ്ങില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ചെറിയൊരു തുടക്കമാണെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് മിനൂചിന്‍ പറഞ്ഞു.വ്യാപാരം, വ്യോമയാന സര്‍വീസുകള്‍,ടെലികമ്മ്യൂണിക്കേഷന്‍,ധനകാര്യം, ബാങ്കിംഗ്, കൃഷി എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കുക. ഫെബ്രുവരി 25ന് നടക്കുന്ന ജൂതരുടെ പുരിം ഉത്സവത്തിനായി മനാമയിലെ പഴയ സെനഗോഗ് തുറന്ന് കൊടുക്കാനും ബഹ്റൈന്‍ തീരുമാനിച്ചു. ഇവിടെ 34 ഓളം ജൂതവംശജര്‍ താമസമുണ്ടെന്നാണ് ഔദ്യോഗിക വിവരം.കൂടാതെ യു.എ.ഇയുമായി 28 വിമാനസര്‍വ്വീസുകള്‍ക്ക് ഇസ്രായേല്‍ നാളെ കരാര്‍ ഒപ്പിടും. ടെല്‍ അവീവിലെ ബെന്‍ ഗുരിയോന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദുബായ്,അബുദാബി വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് ഇസ്രായേല്‍ ഗതാഗത മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.