Follow Me TV

The Unbeatable

ഹൈദരാബാദിലും തെലങ്കാനയിലും കനത്തമഴ : 50 മരണം

ഹൈദരാബാദില്‍ ശക്തമായ മഴയെ തുടര്‍ന്ന്് നഗരം അടക്കമുള്ള പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ തെലങ്കാനയില്‍ 50 പേര്‍ മരിച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സമാനതകളില്ലാത്ത പ്രളയ ദുരിതത്തിലൂടെയാണ് ഹൈദരാബാദ് കടന്നുപോകുന്നത്. ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. നഗരവും പരിസര പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍. കനത്ത മഴയില്‍ ബാലാനഗര്‍ തടാകം കരകവിഞ്ഞൊഴുകിയതും ഹൈദരാബാദ് നഗരത്തില്‍ ദുരിതം ഇരട്ടിയാക്കി.ജനസാന്ദ്രത ഏറെയുള്ള നബീല്‍ കോളനി, ബാബ നഗര്‍, ബാലാപൂര്‍, ഖൈറതാബാദ് തുടങ്ങിയ കോളനികള്‍ വെള്ളത്തില്‍ മുങ്ങി. വാഹനങ്ങള്‍ ഒലിച്ചുപോയി.കുത്തിയൊഴുകുന്ന വെള്ളത്തില്‍ അകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. 50 പേര്‍ മരിച്ചു. 15 മുതല്‍ 20 സെന്റിമീറ്റര്‍ മഴയാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ രേഖപ്പെടുത്തിയത്. ഏകദേശം 1000 കോടിയുടെ നാശനഷ്ടം ഉണ്ട് എന്നാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്.കുടാതെ മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം അടുത്ത 24 മണിക്കൂര്‍ കൂടി തെലങ്കാനയില്‍ ശക്തമായ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.