Follow Me TV

The Unbeatable

ഇന്ന് അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം

ഇന്ന് ഒക്ടോബര്‍ 17.ഐക്യരാഷ്ട്ര സഭയുടെ  അന്താരാഷ്ട്ര ദാരിദ്രനിര്‍മാര്‍ജന ദിനമാണിന്ന്.ഒരു നേരത്തെ ആഹാരത്തിന്  വകയില്ലാത്തവരും തലചായ്ക്കാന്‍ ഇടമില്ലാത്തവരും അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെ ബുദ്ധിമുട്ടുന്നവരും ലോകത്തില്‍ നിരവധിയാണ്. ജനങ്ങളുടെ  സുസ്ഥിരഭാവി പടുത്തുയര്‍ത്തുക ,ദാരിദ്രത്തിനും വിവേചനത്തിന്മെതിരെ ഒന്നിക്കുക ,ദാരിദ്രം മനുഷ്യ സമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുക എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഈ ദിനത്തില്‍ ലക്ഷ്യമിടുന്നത്.

ദാരിദ്രം അകറ്റാന്‍ യോജിച്ചുള്ള പ്രവര്‍ത്തനം  എന്നതാണ് ഈ വര്‍ഷത്തെ ദാരിദ്രനിര്‍മാര്‍ജനദിന സന്ദേശം. ലോകത്തില്‍  ഏകദേശം 780 കോടിയോളം വരുന്ന ജനങ്ങളില്‍ 100കോടിയോളം ജനങ്ങള്‍ ഇപ്പോഴും ദാരിദ്രത്തിന്റെ പടുകുഴിയില്‍ തന്നെയാണ്.  ദാരിദ്രവും വിശപ്പും അതുമൂലമുണ്ടാവുന്ന രോഗങ്ങളും കാരണം പിഞ്ചുകുഞ്ഞുങ്ങളടക്കം ഒട്ടേറെ പേര്‍ മരണപ്പെടുന്നു. പട്ടിണികൊണ്ട് മണ്ണുവാരിതിന്നേണ്ടി വന്ന കുട്ടികളെ കണ്ടതും ഈ അടുത്തകാലത്തുതന്നെയാണ്.  രൂക്ഷമായ ദാരിദ്രം മൂലം അക്രമങ്ങളിലേക്ക് കാലെടുത്തുവച്ചവരും ഏറെയാണ്.  ദിവസം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ത്തിയിരിക്കുന്നത്.  ഇത്തരത്തില്‍, ലോകത്തില്‍ രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 27.5ശതമാനം ജനങ്ങളും ദരിദ്രരാണ്. 1992ലാണ് ഐക്യരാഷ്ട്രസഭ ദാരിദ്രനിര്‍മാര്‍ജന ദിനം ആചരിച്ചു തുടങ്ങിയത്.ദാരിദ്രം ,വിശപ്പ്,അക്രമം,ഭീതി എന്നിവക്ക് ഇരയായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17ന് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഒരുലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഈ ദിവസം ആചരിക്കുന്നത്.
ഈ ദിവസത്തിന്റെ പ്രത്യേകത പറയുമ്പോഴും ഇന്ത്യയിലെ ദാരിദ്രനിര്‍മാര്‍ജനം പൂര്‍ണമായും സാധ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.  നഗരങ്ങള്‍ മെട്രോപൊളിറ്റന്‍ ആയി മാറുമ്പോഴും ഇതില്‍ നിന്നെല്ലാം മാറി ഒരുപറ്റം പട്ടിണി പാവങ്ങള്‍ ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്. ഒരു നേരത്തെ ആഹാരത്തിനായി യാചകരുടെ വേഷംകെട്ടുന്ന മനുഷ്യരും നമ്മുക്കിടയില്‍ ഉണ്ട്. പട്ടിണികൊണ്ട് അവശനായി ഒരു നേരത്തെ അന്നത്തിനുവേണ്ടി മോഷ്ടിക്കേണ്ടിവന്ന മധുവിനെ നമ്മളാരും മറന്നിട്ടുണ്ടാവില്ല.ഇന്ത്യയിലെ പട്ടിണി മരണങ്ങള്‍ മാത്രം കേട്ട് വളര്‍ന്ന കേരളജനതക്കു മുന്നില്‍ മധു നീരുന്നൊരോര്‍മ്മയായി ഇന്നും നിലനില്‍ക്കുന്നു. വേണ്ടത്ര ആഹാരം ലഭിക്കാത്തതിന്റെ പേരില്‍ രോഗങ്ങളാലും പട്ടിണിയാലും വീര്‍പ്പുമുട്ടുന്ന ഈ സാഹചര്യത്തിലാണ് ദാരിദ്രനിര്‍മാര്‍ജന ദിനം പ്രസക്തമാകുന്നത്.