Follow Me TV

The Unbeatable

അമേരിക്കന്‍ ഉത്തേജക പാക്കേജ് തീരുമാനമാകുക വലിയ ബുദ്ധിമുട്ടുള്ള കാര്യം : സ്റ്റീവന്‍ മ്യൂണിക്ക്

യു എസ് സൂചികകളുടെ മുന്നേറ്റം തടഞ്ഞ് യു എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂണിക്കന്റെ പ്രസ്താവന . തെരഞ്ഞെടുപ്പിന് മുന്‍പായി അമേരിക്കന്‍ ഉത്തേജക പാക്കേജ് തീരുമാനമാകുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് സ്റ്റീവന്‍ മ്യൂണിക്ക് പ്രസ്താവന നടത്തിയത്.തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ ഒപ്പിട്ട ചെക്കുകള്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പക്കലെത്തരുത് എന്ന സാമാന്യ തെരെഞ്ഞെടുപ്പ് തന്ത്രം അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ക്കറിയാമെന്ന കാര്യം ഇന്നലെയാണ് അമേരിക്കന്‍ വിപണിക്ക് മനസിലായത്. തെരഞ്ഞെടുപ്പിന് മുന്‍പായി അമേരിക്കന്‍ ഉത്തേജക പാക്കേജ് തീരുമാനമാകുക വലിയ ”ബുദ്ധിമുട്ടുള്ള ” കാര്യമാണ് എന്ന യു എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂണിക്കന്റെ പ്രസ്താവന ഇന്നലെ യു എസ് സൂചികകളുടെ മുന്നേറ്റം തടഞ്ഞു. ഇന്നും നാന്‍സി പെലോസിയും സ്റ്റീവന്‍ മ്യൂണിക്കനും ചര്‍ച്ച തുടരുന്നത് അമേരിക്കന്‍ വിപണിക്ക് അവസാന മണിക്കൂറില്‍ തിരിച്ചു വരവ് നല്‍കി. ടെക് ഓഹരികളുടെ പിന്‍ബലത്തില്‍ നേട്ടത്തോടെയാണ് ഇന്നലെ അമേരിക്കന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്. ചൈന ഒഴികെയുള്ള ഏഷ്യന്‍ സൂചികകള്‍ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അമേരിക്കന്‍ പാക്കേജ് പെട്ടെന്ന് നടന്നേക്കില്ല എന്ന സത്യം ലോക വിപണി ഉള്‍കൊണ്ട് തുടങ്ങുന്നത് അനുകൂലമാണ്. ഇടയ്‌ക്കൊന്ന് കിതച്ച കാളക്കൂറ്റന്മാര്‍ ബാങ്ക് നിഫ്റ്റിയിലേറി പൂര്‍വാധികം ശക്തിയോടെ ഇന്ത്യന്‍ കുതിപ്പിന്റെ പത്താം ദിനമാണ് ഇന്നലെ ആഘോഷിച്ചത്. വീണ്ടും നീട്ടിയ കൂട്ടുപലിശകേസിന്റെ വിധി ബാങ്കുകള്‍ക്ക് പ്രതികൂലമായേക്കില്ല എന്ന ശുഭാപ്തി വിശ്വാസവും, അമേരിക്കന്‍ തെരെഞ്ഞെടുപ്പിന് ബാക്കിയുള്ള രണ്ടാഴ്ച കാലം ബാങ്കിങ് ഓഹരികള്‍ക്ക് മറ്റ് ഭീഷണികളില്ല എന്നതും വിപണിക്ക് അനുകൂലമാണ്. മോറട്ടോറിയം വിധിയെ ഭയന്ന് 11822 പോയിന്റിലേക്കിറങ്ങിയ നിഫ്റ്റി 11997 പോയിന്റ് വരെ മുന്നേറിയെങ്കിലും 12000 എന്ന വന്‍ കടമ്പ കടക്കാനായില്ല. ബാങ്കിങ് , റിയാലിറ്റി മേഖലയാണ് ഇന്നലെ ഇന്ത്യന്‍ വിപണിക്ക് നല്‍കിയത്. ഇന്നും ബാങ്കിങ്, ഐടി മേഖലകളുടെ പിന്‍ബലത്തില്‍ നിഫ്റ്റി മുന്നേറ്റ ശ്രമം നടത്തിയേക്കും. 11820 നിഫ്റ്റിയുടെ പ്രധാന പിന്തുണ മേഖല. ബാങ്ക് നിഫ്റ്റി ഇന്നലെ 382 പോയിന്റ് മുന്നേറി 23874 പോയിന്റില്‍ വ്യാപാരമവസാനിപ്പിച്ചു. 24200 ലാണ് ബാങ്ക്‌നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ. 23350 ലും 22850 ലുമാണ് ബാങ്ക്‌നിഫ്റ്റിയുടെ അടുത്ത പിന്തുണ മേഖലകള്‍. അതെസമയം രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ മോറട്ടോറിയം കാലത്തെ കൂട്ടുപലിശയില്‍ സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട കോടതി സര്‍ക്കാര്‍ തീരുമാനം ശരി വെച്ചു എന്ന് വിപണി വിശ്വസിച്ചു തുടങ്ങിയത് ഇന്നും ഇന്ത്യന്‍ വിപണിക്ക് മുന്നേറ്റത്തിന് കാരണമാകും. നവംബര്‍ മൂന്നിനാണ് സുപ്രീം കോടതി കൂട്ടുപലിശക്കേസില്‍ ഇനി വാദം കേള്‍ക്കുക. ഇന്‍ഫോസിസ് വിപണിയുടെ പ്രതീക്ഷ കാക്കുന്ന രണ്ടാം പാദഫലപ്രഖ്യാപനമാണ് നിലവില്‍ നടത്തിയത്. കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 4019 കോടിയില്‍ നിന്നും 4845 കോടിയിലേക്കുയര്‍ന്നു. കമ്പനിയുടെ മാര്‍ജിനും, വരുമാനവും വര്‍ദ്ധിച്ചതും, കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓര്‍ഡര്‍ ബുക്കും ഓഹരിയെ ദീര്‍ഘകാല നിക്ഷേപത്തിന് അനുകൂലമാക്കുന്നുണ്ട്. ടാറ്റ എല്‍എക്‌സിയും മികച്ച രണ്ടാംപാദ ഫലം പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ പാദത്തില്‍ 78 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. കമ്പനിയുടെ മുന്‍പാദ അറ്റാദായം 68 കോടി രൂപയും, മുന്‍വര്‍ഷ രണ്ടാംപാദ ലാഭം 50 കോടിരൂപയുമായിരുന്നു.ഇന്നും നാളെയമായി കൂടുതല്‍ ഐടി കമ്പനികള്‍ രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കും. ഐടി ബാങ്കിങ്, എന്‍ബിഎഫ് സി, എഫ്എംസിജി മേഖലകള്‍ ഇന്നും വിപണിക്ക് തുണയാകും.