Follow Me TV

The Unbeatable

നവരാത്രി വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ട് വരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി

പത്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള നവരാത്രി വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. ബിജെപിയാണ് ആചാരലംഘനമാണെന്നാരോപിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നവരാത്രികാലത്ത് നടന്നു വരുന്ന പരമ്പരാഗത ചടങ്ങാണ് സരസ്വതി വിഗ്രഹത്തിന്റേയും കുമാരസ്വാമിയുടേയും മുന്നുറ്റിനങ്കയുടേയും എഴുന്നള്ളത്ത്. പത്മനാഭപുരത്ത് നിന്ന് കാല്‍നടയായാണ് ഈ വിഗ്രഹങ്ങള്‍ തിരുവനന്തപുരത്ത് പൂജയ്ക്ക് എത്തിക്കുന്നതും മടക്കിക്കൊണ്ടു പോകുന്നതും.എന്നാല്‍ കോവിഡ് കാരണം ഇത്തവണ ഘോഷയാത്ര വാഹനത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കന്യാകുമാരി – തിരുവനന്തപുരം ജില്ലാ കളക്ടര്‍മാരും ക്ഷേത്രട്രസ്റ്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനം. എന്നാല്‍ ഹൈന്ദവസംഘടനകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം ആചാരലംഘനമാണെന്നാരോപിച്ച് ബിജെപി പ്രത്യക്ഷസമരം പ്രഖ്യാപിക്കുകയായിരുന്നു.പരമ്പരാഗത രീതിയില്‍ ഈ വര്‍ഷവും നവരാത്രി ആഘോഷം നടത്തണമെന്ന് ബിജെപി നേതാവ് വിവി രാജേഷ് ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനകളുമായി ആലോചിക്കാതെയാണ് നവരാത്രി ഘോഷയാത്ര ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏകപക്ഷീയമായി എടുത്ത ഈ തീരുമാനത്തില്‍ സര്‍ക്കാരും തിരുവനന്തപുരം കോര്‍പ്പറേഷനും ഒരേ പോലെ പ്രതിസ്ഥാനത്താണെന്നും വിവി രാജേഷ് കുറ്റപ്പെടുത്തി. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സര്‍ക്കാരോ കോര്‍പ്പറേഷനോ ഹൈന്ദവ സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് അറിയിക്കുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു. എന്നാല്‍ കോവിഡ് മാനദണ്ഡം പരിഗണിച്ചായിരുന്നു തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അടുത്ത വെള്ളിയാഴ്ചയാണ് വാഹനത്തിലുള്ള യാത്ര നിശ്ചയിച്ചിരിക്കുന്നത്.