Follow Me TV

The Unbeatable

വെർച്വൽ സംവാദത്തിന് താനില്ലെന്ന് ട്രംപ്; പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡനും തമ്മിലുള്ള രണ്ടാം പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി. വെർച്വൽ രീതിയിൽ സംവാദം നടത്താൻ താൻ തയ്യാറല്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കിയത്. ഒക്ടോബർ 15നാണ് സംവാദം നടക്കേണ്ടിയിരുന്നത്.

ട്രംപ് കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ്, രണ്ടാം സംവാദം വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റാനുള്ള പ്രഖ്യാപനമുണ്ടായത്. എന്നാൽ പ്രചാരണത്തിലേക്ക് അടിയന്തരമായി മടങ്ങുകയാണെന്ന് നിരന്തരം ട്വിറ്റർ വഴി പ്രഖ്യാപിക്കുന്ന ഡൊണാൾഡ് ട്രംപ് വെർച്വൽ സംവാദത്തിന് എതിരായിരുന്നു. ഇത് രണ്ട് സ്ഥാനാർത്ഥികളും നേരിട്ട് നടക്കുന്ന സംവാദമായി തന്നെ മാറ്റണമെന്ന് ട്രംപ് ഉറച്ച നിലപാടെടുത്തു. എന്നാൽ, ട്രംപ് അസുഖബാധിതനായതിനാൽ, നേരിട്ടുളള സംവാദത്തിന് താൻ തയ്യാറല്ലെന്ന് ജോ ബൈഡനും ഉറപ്പിച്ചുപറഞ്ഞു.

വെർച്വൽ സംവാദത്തിന് തയ്യാറാകാത്ത ട്രംപിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ജോ ബൈഡൻ വിമർശിച്ചത്. വോട്ടർമാർ ചോദ്യം ചോദിക്കുന്ന ഏക സംവാദപരിപാടിയിൽ നിന്ന് ട്രംപ് അനാവശ്യ കാരണങ്ങൾ പറഞ്ഞ് മാറിനിൽക്കുന്നത് നാണംകെട്ട പരിപാടിയാണെന്നാണ് ബൈഡന്റെ പക്ഷം. ട്രംപിന്റെ നിലപാടിൽ അത്ഭുതമില്ലെന്നായിരുന്നു ബൈഡന്റെ പ്രതികരണം.തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രസിഡൻഷ്യൽ സംവാദങ്ങൾ പൊതുവേ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നിർണായകഘടകങ്ങളിലൊന്നാണ്.കൊവിഡ് പോസിറ്റീവായ ഡോണൾഡ് ട്രംപ് നിലവിൽ ചികിത്സയിലാണ്. അതേസമയം, ട്രംപ് കൊവിഡ് നെഗറ്റീവായോ എന്ന ചോദ്യങ്ങളോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രസിഡൻഷ്യൽ സംവാദം ഉണ്ടാകില്ല എന്ന് പരിപാടി നിയന്ത്രിക്കുന്ന കമ്മിഷൻ ഓഫ് പ്രസിഡൻഷ്യൽ ഡിബേറ്റ്‍സ് പ്രഖ്യാപിച്ചു. സംവാദം നടക്കേണ്ടിയിരുന്ന ദിവസം മറ്റ് പരിപാടികൾ രണ്ട് സ്ഥാനാർത്ഥികളും പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. നവംബർ 3നാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.2000 മുതൽ എല്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾക്കും മുമ്പ് മൂന്ന് തവണയെങ്കിലും പ്രസിഡന്റ് സ്ഥാനാർത്ഥികൾ തമ്മിൽ സംവാദം നടക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ ഇന്ത്യൻ വംശജ കമലാഹാരിസും നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും തമ്മിൽ നടന്നിരുന്ന സംവാദം ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.