Follow Me TV

The Unbeatable

മഹിളാമന്ദിരത്തിൽ അമ്മയോടൊപ്പം താമസിക്കാനുള്ള കുട്ടികളുടെ പ്രായം ഉയർത്തി

സർക്കാർ മഹിളാ മന്ദിരങ്ങളിൽ അമ്മയോടൊപ്പം താമസിക്കാനുള്ള കുട്ടികളുടെ  പ്രായപരിധി ആറിൽ നിന്ന് പത്തിലേക്ക്  ഉയർത്തി സർക്കാർ ഉത്തരവിറക്കി. സർക്കാരിന് കീഴിലുള്ള 12 മഹിളാ മന്ദിരങ്ങളിൽ ഇത്തരത്തിൽ  10 വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമാണ്. പതിമൂന്നാം കേരള നിയമസഭാ സമിതിയുടെ ഒന്നാമത്തെ റിപ്പോര്‍ട്ടിലും മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം താമസിച്ചു വരുന്ന കുട്ടികളുടെ പ്രായപരിധി 10 വയസായി ഉയര്‍ത്തുന്നതിന് ശിപാര്‍ശ ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പ്രായപരിധി ഉയർത്തിയതെന്നും മന്ത്രി വ്യക്തമാക്കി .