Follow Me TV

The Unbeatable

അഞ്ചൽ ഉത്ര വധക്കേസ്;‌ വിചാരണ 7ന്‌‌ തുടങ്ങും ഭർത്താവ്‌ സൂരജ്‌ മുഖ്യപ്രതി,വിചാരണ വേഗത്തിലാക്കുമെന്ന് സൂചന.

അഞ്ചൽ ഏറത്തെ ഉത്രയെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ ഭർത്താവ്‌ കൊലപ്പെടുത്തിയ കേസിൽ വിചാരണ ഏഴിനു തുടങ്ങും. ക്രൈംബ്രാഞ്ച്‌ സമർപ്പിച്ച കുറ്റപത്രത്തിൽ കൊല്ലത്തെ ആറാം നമ്പർ അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി എം മനോജ്‌ മുമ്പാകെയാണ്‌ വിചാരണ.  പ്രതിയുടെ അഭിഭാഷകനോട്‌ ഹാജരാകാൻ കോടതി നിർദേശംനൽകിയിട്ടുണ്ട്‌. വിചാരണ വേഗത്തിലാക്കണമെന്ന അന്വേഷകസംഘം അപേക്ഷിച്ചിരുന്നു. അഞ്ചൽ ഏറം വെള്ളാശ്ശേരിൽ വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ മെയ്‌ ഏഴിനാണ്‌  കിടപ്പുമുറിയിൽ പാമ്പു‌കടിയേറ്റ്‌ മരിച്ചനിലയിൽ കണ്ടത്‌. പാമ്പിനെയും കണ്ടെത്തിയിരുന്നു. കേസിൽ ഉത്രയുടെ ഭർത്താവ് അടൂർ പറക്കോട് കാരംകോട് ശ്രീസൂര്യയിൽ സൂരജ് എസ് കുമാർ (27) ആണ്‌ പ്രതി. മറ്റൊരു പ്രതിയായിരുന്ന പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കലിലെ ചാവരുകാവ് സുരേഷ് പിന്നീട്‌ മാപ്പുസാക്ഷിയായി. കേസിൽ അനുബന്ധകുറ്റപത്രവും അന്വേഷകസംഘം വൈകാതെ  സമർപ്പിക്കും. കേസിലെ മറ്റു പ്രതികളായ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവർ റിമാൻഡിലാണ്‌. തെളിവു‌ നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നിവയാണ്‌ ഇവർക്കെതിരായ കുറ്റങ്ങൾ.