Follow Me TV

The Unbeatable

കടകെണിയിലാണ് ; ജീവിക്കുന്നത് ഭാര്യയുടെ ചിലവില്‍ ; അവസ്ഥകളെണ്ണി പറഞ്ഞ് അനില്‍ അംബാനി കോടതിയില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അഭിഭാഷകനു ഫീസ് കൊടുത്തത് ആഭരണങ്ങള്‍ വിറ്റിട്ടാണെന്നും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി കോടതിയില്‍ അറിയിച്ചു.ഒരു കാലത്ത് ഇന്ത്യയിലെ കോടീശ്വരന്മാരില്‍ ആറാം സ്ഥാനത്ത് ആയിരുന്നു അനില്‍ അംബാനി. അനിലിന്റെ സഹോദരന്‍ മുകേഷ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ്. എന്നാല്‍ തന്റെ പക്കല്‍ സ്വത്തൊന്നും ഇല്ലെന്നാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസിന്റെ വിചാരണക്കിടെയാണ് അനില്‍ അംബാനി തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
680 ദശലക്ഷം ഡോളറിന്റെ വായ്പ തിരിച്ച് അടക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് എതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.
അനില്‍ അംബാനി വായ്പ തിരിച്ചടക്കണമെന്ന് ലണ്ടന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെട്ടില്ല. വായ്പ തിരിച്ചടക്കാനുളള പണമില്ലെന്ന അനില്‍ അംബാനിയുടെ വാദത്തിന് പിന്നാലെയാണ് ലോകമെമ്പാടുമുളള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന് ബാങ്കുകള്‍ കോടതിയോട് ആവശ്യപ്പെട്ടത്.എന്നാല്‍ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്നും കോടതി ചിലവിനായുള്ള പണം പോലും കയ്യിലില്ലെന്നും  ഭാര്യയുടെ ആഭരണം വിറ്റാണ് കേസുനടത്തുന്നതെന്നും അനില്‍ പറഞ്ഞു. താന്‍ ആഡംബരജീവിതം നയിക്കുന്നു എന്ന ആരോപണവും അദ്ദേഹം തള്ളി കളഞ്ഞു.ഭാര്യയുടെ ചിലവിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും മകനില്‍ നിന്നു വരെ കടം വാങ്ങിയെന്നും അദ്ദേഹം പറയുന്നു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ കമ്പനികള്‍ 1,200 കോടി രൂപ എസ്ബിഐയില്‍ നിന്ന് വായ്പയെടുത്തതും തിരിച്ചടച്ചിട്ടില്ല. ഇതിനെതിരായ
കേസ് ഇന്ത്യയില്‍ നടക്കുന്നു. അനിലിനെതിരെയുള്ള പാപ്പര്‍ നടപടികള്‍ക്കു ഡല്‍ഹി ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന എസ്ബിഐയുടെ ആവശ്യം കഴിഞ്ഞ 17നു സുപ്രീം കോടതി നിരസിച്ചിരുന്നു.